04:56am 23 September 2026
NEWS
പ്രശസ്ത തെലുങ്ക് നടന്‍ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു
13/07/2025  08:44 AM IST
nila
പ്രശസ്ത തെലുങ്ക് നടന്‍ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് നടന്‍ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു. 83 വയസ്സായിരുന്നു.  ദീര്‍ഘകാലമായി അസുഖബാധിതനായിരുന്നു കോട്ട ശ്രീനിവാസ റാവു. ജൂബിലി ഹില്‍സിലെ ഫിലിംനഗറിലുള്ള വീട്ടില്‍വെച്ച് ഇന്നു രാവിലെയാണ് മരണം സംഭവിച്ചത്. തെലുങ്കിന് പുറമെ തമിഴ്, ഹിന്ദി, കന്നഡ, മലയാളം ചിത്രങ്ങളിലും ശ്രീനിവാസ റാവു അഭിനയിച്ചിട്ടുണ്ട്. 2015-ല്‍ രാജ്യം പത്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു.

1942 ജൂലായ് 10-ന് വിജയവാഡയിലാണ് കോട്ട ശ്രീനിവാസ റാവു ജനിച്ചത്. പിതാവിനെ പോലെ ഡോക്ടറാകാനായിരുന്നു ഇഷ്ടമെങ്കിലും അഭിനയത്തോടുള്ള ഇഷ്ടം കാരണം അതിന് സാധിച്ചില്ല. സയന്‍സില്‍ ബിരുദം നേടിയ റാവു കോളേജ് കാലത്ത് നാടകങ്ങളില്‍ അഭിനയിച്ചിരുന്നു. സിനിമയിലെത്തുന്നതിന് മുമ്പ് സ്റ്റേറ്റ് ബാങ്കിലെ ജീവനക്കാരനായിരുന്നു അദ്ദേഹം.

1978-ല്‍ പ്രണം ഖരീദു എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസ റാവു സിനിമയിലെത്തുന്നത്. പിന്നീട് വിവിധ ഭാഷകളിലായി 750-ലേറെ ചിത്രങ്ങളില്‍ അഭിനയിച്ച അദ്ദേഹം തന്റെ വില്ലന്‍ വേഷങ്ങളിലൂടെയാണ് ശ്രദ്ധേയനാകുന്നത്. ടോളിവുഡിലെ ഏതാണ്ട് എല്ലാ പ്രധാന താരങ്ങള്‍ക്കൊപ്പവും കോട്ട ശ്രീനിവാസ റാവു അഭിനയിച്ചിട്ടുണ്ട്.

സാമി, തിരുപ്പാച്ചി, കൊ തുടങ്ങിയ തമിഴിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലെ വില്ലന്‍ വേഷങ്ങളിലൂടെയാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള തെന്നിന്ത്യക്കാര്‍ക്ക് ശ്രീനിവാസ റാവുവിനെ പരിചയം. മുപ്പതിലേറെ തമിഴ് ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. മമ്മൂട്ടിയെ നായകനാക്കി ജയരാജ് സംവിധാനം ചെയ്ത് 2011-ല്‍ പുറത്തിറങ്ങിയ ദി ട്രെയിന്‍ എന്ന ചിത്രത്തിലാണ് അദ്ദേഹം മലയാളത്തില്‍ അഭിനയിച്ചത്. യോഗേഷ് തിവാരി എന്നായിരുന്നു ചിത്രത്തിലെ അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പേര്. 

രാഷ്ട്രീയക്കാരന്‍ കൂടിയായിരുന്ന കോട്ട ശ്രീനിവാസ റാവു 1999 മുതല്‍ 2004 വരെ ആന്ധ്രപ്രദേശിലെ വിജയവാഡ ഈസ്റ്റ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായിരുന്നു. ബിജെപി ടിക്കറ്റിലാണ് അദ്ദേഹം മത്സരിച്ചത്. ഗായകന്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളിലും കോട്ട ശ്രീനിവാസ റാവു മികവ് തെളിയിച്ചിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img